Begin typing your search above and press return to search.
proflie-avatar
Login

കരുത്തുചോരാത്ത ഫ്രാൻസ്; പ്രതിഭക്കൊത്ത പ്രകടനവുമായി ഇംഗ്ലണ്ട്

ടൂർണമെന്റ് ഫേവറിറ്റുകളെന്ന ഖ്യാതിയുമായെത്തിയ ഇംഗ്ലണ്ടും ഫ്രാൻസും അത് പ്രകടനത്തിൽ തെളിയിക്കുന്നുണ്ട്. കാന്റെ, പോഗ്ബ, ബെൻസേമ, എൻകുകു എന്നീ അതികായന്മാരില്ലാതെ കളിക്കുന്ന ഫ്രാൻസ് ഒരിക്കലും അവരുടെ കുറവ് പ്രകടിപ്പിച്ചിട്ടില്ല. 60ആം മിനിറ്റ് വരെ തിളങ്ങി നിന്ന സാക്കയെയും ഫോഡനെയും പിൻവലിച്ചു ഗ്രീലിഷിനെയും റാഷ്‌ഫർഡിനെയും ഇറക്കാൻ മാത്രം ശക്തമാണ് ഇംഗ്ലണ്ട് ബെഞ്ച്. അറേബ്യൻ നൈറ്റ്സ് അഞ്ചാം ഭാഗം.

arabian nights five
cancel

അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. കഴിഞ്ഞ രാത്രി എല്ലാവരും പ്രതീക്ഷിച്ച പോലെ കടന്നുപോയി. സെനഗാൾ ഇംഗ്ലണ്ടിനെ അട്ടിമറിക്കും അല്ലെങ്കിൽ ഫ്രാൻസിനെ പോളണ്ട് ഞെട്ടിക്കുമെന്നൊക്കെ ചിലരെങ്കിലും കരുതിയിട്ടുണ്ടാം. പക്ഷേ അത് വെറുമൊരു വിദൂരസാധ്യത മാത്രമായിരുന്നു. ഇംഗ്ലണ്ടും ഫ്രാൻസും ടൂർണമെന്റിലെ ഫേവറൈറ്റുകളാണ്. ഇതുവരെയുള്ള മത്സരങ്ങൾ അതിന് സാക്ഷിയും. ഇന്നലത്തെ ഇംഗ്ലണ്ട് സെനഗൽ മത്സരം നോക്കൂ. കളിയുടെ ആദ്യ പകുതിയിൽ സെനഗാൾ അറ്റാക്കർമാർ നിരന്തരമായ പ്രസിങ്ങിലൂടെയും, ആക്രമണത്തിലൂടെയും ഇംഗ്ലീഷ് ഡിഫൻഡർമാരെയും ഗോളി പിക്‌ഫോർഡിനെയും സമ്മർദ്ദത്തിലാക്കിയപ്പോഴും അവർ ശാന്തരായിരുന്നു. പതുക്കെ ആ അറ്റാക്കിങ്ങിനെ മറികടന്നുകൊണ്ട് മത്സരത്തിന്റെയും പന്തിന്റെയും ആധിപത്യം തങ്ങളുടെ വരുതിയിലാക്കിലേക്ക് കൊണ്ടുവന്നു ആദ്യ പകുതിയിൽ തന്നെ മനോഹരമായ ടീം ഗേമിലൂടെ രണ്ട് ഗോളുകൾ നേടി ഇംഗ്ലീഷുകാർ വിജയമുറപ്പിച്ചിരുന്നു. ഫ്രാൻസാവട്ടെ ഒരേസമയം പോളിഷ് താരം സലൻസ്കി നേതൃത്വം നൽകിയ ഷോട്ടുകളിൽ നിന്ന് തങ്ങളുടെ വല കാക്കുകയും ജെറൂദിലൂടെ ഗോൾ നേടിയ ശേഷം കളിയിലെ പൂർണാധിപത്യം പ്രഖ്യാപിക്കുകയും ചെയ്തു. ആ ഗോളിനെ മറികടന്ന് മുന്നോട്ട് വരാനുള്ള പഴുതുകൾ പോളണ്ട് ടീമിന് പിന്നീട് ലഭിച്ചതുമില്ല.

സാദിയോ മാനേയും, ഇദ്രിസാ ഗെയും ഇല്ലാതെ ടൂർണമെന്റിനെത്തിയ സെനഗാൾ നല്ലൊരു ഗെയിം പ്ലാനുമായാണ് കളത്തിലിറങ്ങിയത്. കളിയുടെ തുടക്കത്തിൽ തന്നെ പ്രസിങ്ങിലൂടെ ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി പെട്ടെന്ന് തന്നെ ഗോൾ നേടാൻ അവർ ശ്രമിച്ചു. തൽഫലമായി നിരന്തരം അവസരങ്ങളുണ്ടാക്കാനും അവർക്കു കഴിഞ്ഞു. എന്നാൽ മഗ്വയറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും, ഗോൾകീപ്പർ ജോർഡൻ പിക്‌ഫോർഡും ആ ഭീഷണികളെ ശാന്തരായി തന്നെ മറികടന്നു. മികച്ച ടീം ഗെയിമിനൊടുവിൽ മൂന്ന് ഗോളുകളും അവർ നേടി. സെനഗലിനു തിരിച്ചുവരാൻ ഒരു പഴുതും കൊടുക്കാതെ അതിശക്തരായിരുന്നു ഇംഗ്ലണ്ട്. അർജന്റീനയോടേറ്റ തോൽവിയിൽനിന്നും കാര്യമായ ഒരു പാഠവും പഠിക്കാതെയാണ് ഇന്നലെ ഫ്രാൻസിനെ നേരിടാൻ പോളണ്ടെത്തിയത്. ഒരു കൗണ്ടർ അറ്റാക്കിനു പോലും കഴിയാതെ അവർ ഗ്രൗണ്ടിൽ വീർപ്പുമുട്ടി. അനായാസം എന്ന് തോന്നിപ്പിക്കുംവിധം ഫ്രഞ്ചുപട അവരെ തകർത്തെറിഞ്ഞു. കളിയവസാനം നേടിയ ആശ്വാസ പെനാൽറ്റി ഗോൾ കൊണ്ട് ലെവൻഡോസ്‌കിക്കും സംഘത്തിനും തിരിച്ചുപോവാം.

ഇംഗ്ലണ്ടും ഫ്രാൻസും മികച്ച ടീമുകളാണ്. അതവരുടെ കളിയോടുള്ള സമീപനം കണ്ടാൽ മനസിലാക്കാം. ഇന്നലെ എംബാപെ നേടിയ രണ്ട് ഗോളുകൾ നോക്കുക. ബോക്സിന്റെ ഇടതുവശത്തു നിന്നും ഡിഫൻഡർമാരെ സാക്ഷിയാക്കി പാസ് സ്വീകരിച്ച് തന്റെ ലക്ഷ്യത്തിലേക്ക് കണ്ണെറിഞ്ഞ് ശക്തിയോടെ പായിച്ച ഉഗ്രൻ ഷോട്ട്! ആ ഗോൾ അനായാസമായി തോന്നാൻ കാരണം എംബാപെയുടെ കാലുകളിൽ നിന്നാണെന്നത് കൊണ്ടാണ്. പരസ്പര സാദൃശ്യമുള്ള എംബാപെയുടെ ഇരുഗോളുകളും വലയിൽ പതിക്കുന്നത് തടയാൻ പോളിഷ് ഡിഫെൻഡർമാരുടെയോ മികച്ച ഫോമിലുള്ള ഷ്റ്റെസ്നെയുടെയോ കൈവശം ഒന്നുമുണ്ടായിരുന്നില്ല.

ജോർഡൻ ഹെൻഡേഴ്സൺ

ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ഹെൻഡേഴ്സന്റെ ആദ്യ ഗോളിലും ആ ടീമിന്റെ കയ്യടക്കം കാണാം. ഒരു ക്ലീൻ സ്‌ട്രൈക്കർ എന്ന നിലയിൽ നിന്ന് ഒരു പ്ലേമേക്കറുടെ റോൾ ടൂർണമെന്റിലുടനീളം വളരെ ഭംഗിയായി നിർവഹിച്ച ഹാരി കെയ്ൻ മിഡ്‌ഫീൽഡിൽ നിന്നും ബെല്ലിങ്‌ഹാമിന്‌ നീട്ടിയ ത്രൂ ബോൾ ബോക്സിൽ നിന്നും ഒരു ചെറുക്രോസ്സിലൂടെ ഹെൻഡേഴ്സൺ വാങ്ങി ഫിനിഷ് ചെയ്തപ്പോൾ കൂട്ടായ പ്രയത്നത്തിന്റെ പ്രതിഫലനമാണ് നമ്മൾ കണ്ടത്. ബില്ലിങ്‌ഹാമിന്റെ നല്ലൊരു കൗണ്ടർ അറ്റാക്ക് റണ്ണിലൂടെ ഫോഡൻ വഴി ക്യാപ്റ്റൻ കെയ്ൻ നേടിയ ഗോളും, കെയ്‌നിന്റെയും ഫോഡന്റെയും ഒത്തുചേർന്ന നീക്കത്തിലൂടെ സാക്ക നേടിയ ടാപ്പ് ഇൻ ഗോളും ഉന്നതമായ ആത്മവിശ്വാസം പുലർത്തുന്ന ഒരു ടീമിനേ സാധിക്കൂ. കഴിഞ്ഞ കളിയിൽ ഇരട്ടഗോളുകൾ നേടിയ മാർകസ് റാഷ്ഫഡിനെ ആദ്യ ഇലവനിൽ നിന്നും കരയ്ക്കിരുത്തി സാക്കയുമായി കളത്തിലിറങ്ങിയ സൗത്ത് ഗേറ്റിന്റെ തീരുമാനത്തിൽ പാളിച്ചയുണ്ടായില്ലെന്ന് വേണം കരുതാൻ.

ടൂർണമെന്റ് ഫേവറിറ്റുകളെന്ന ഖ്യാതിയുമായെത്തിയ ഇംഗ്ലണ്ടും ഫ്രാൻസും അത് പ്രകടനത്തിലും തെളിയിക്കുന്നു. കാന്റെ, പോഗ്ബ, ബെൻസേമ, എൻകുകു എന്നീ അതികായന്മാരില്ലാതെ കളിക്കുന്ന ഫ്രാൻസ് ഒരിക്കലും അവരുടെ കുറവ് പ്രകടിപ്പിച്ചിട്ടില്ല. പരിക്കുകൾ കൂടുതൽ അലട്ടാത്ത ഇംഗ്ലണ്ടിന്റെ ബെഞ്ചും മറ്റൊരു മികച്ച ടീമിനെ ഇറക്കാൻ മാത്രം ശക്തരാണ്. 60 മിനിറ്റ് വരെ മികച്ചു നിന്ന സാക്കയെയും ഫോഡനെയും പിൻവലിച്ചു ഗ്രീലിഷിനെയും റാഷ്‌ഫർഡിനെയും ഇറക്കാൻ മാത്രം ശക്തമായ ബെഞ്ച്.

ഇന്നലത്തെ കെയ്‌നിന്റെയും എംബാപ്പയുടെയും മികവിനെ തൽക്കാലം നമുക്ക് മാറ്റിനിർത്താം. അവരുടെ പ്രകടനത്തെ വാഴ്ത്തിപ്പാടാൻ ഇനിയാരും ബാക്കിയില്ല. ഇന്നലത്തെ ഗോളിലൂടെ ഫ്രാൻസിന്റെ എക്കാലത്തെയും ടോപ്സ്കോററായ മുപ്പത്തിയാറുകാരൻ ഒലിവർ ജിറൂദ്, ഡ്രിബിളുകൾ കൊണ്ട് അതിവേഗം വലതുവിങ്ങിലൂടെ ചീറിപ്പായുന്ന ഒസ്മാൻ ടെംബലേ, കഴിഞ്ഞ ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി ഒരു ഹാർഡ് വർക്കിങ് മിഡ്‌ഫീൽഡറായി മാറിയ ഗ്രീസ്മാൻ, പിന്നെ പോഗ്ബക്കും കാന്റക്കും പകരക്കാരായെത്തിയ അഡ്രിയാൻ റാബിയോ, ചൗമെനി... ഇവരെല്ലാവരും ചേർന്ന് പകരുന്ന ഒരു പൂർണത ഫ്രാൻസിന്റെ കളികളിൽ തെളിഞ്ഞുനിൽക്കുന്നു. കോച്ച് ദെഷാംപ്‌സിന്റെ 4-2-3-1 സംവിധാനം നിർമിച്ചത് തന്നെ ഗ്രീസ്മാന്റെ ചുറ്റിലുമാണ്. ഗ്രൗണ്ട് മുഴുവനും ഓടിക്കളിച്ചു അയാൾ നെയ്‌തെടുക്കുന്ന പാസുകളാണ് ഒടുവിൽ ഗോളുകളായി അവസാനിക്കുന്നത്. സൂക്ഷിച്ചുനോക്കിയാൽ കേവലം ഒരു ടച്ച് കൊണ്ട് മിഡ്‌ഫീൽഡ് ലൈൻ പൂർണമായും ഭേദിക്കാൻ ഗ്രീസ്മാന് അനായാസം കഴിയും. ലയണൽ മെസിയും, ലൂക്ക മോഡ്രിച്ചും ചെയ്യുന്ന പ്ലേമേക്കിങ് ജോലി ഗ്രീസ്മാനും ഭംഗിയായി ഇതുവരെ നിർവഹിച്ചിട്ടുണ്ട്.

ക്ലബ് ഫുട്ബോളിൽ നിരന്തരം പഴികേൾക്കാറുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയർ ഇംഗ്ലീഷ് കുപ്പായത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഇതുവരെ കാഴ്ചവെച്ചത്. ഇന്നലത്തെ കളിയിൽ എടുത്ത് പറയേണ്ട പ്രകടങ്ങൾ മിഡ്‌ഫീൽഡർമാരായ ബെല്ലിങ്‌ഹാമിന്റെയും ഹെൻഡേഴ്സന്റേതുമാണ്. 'ബോക്സ് ടു ബോക്സ്' ഓടിക്കളിച്ചു കളിയെ നിയന്ത്രിച്ച അവരാണ് ഇംഗ്ലണ്ട് ആധിപത്യത്തെ അരക്കിട്ടുറപ്പിച്ചത്. ഇന്നലെ ഇരുവരും നേടിയ ഗോളും അസിസ്റ്റും അവരുടെ പ്രകടനങ്ങൾക്ക് മാറ്റുകൂട്ടി. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഗോൾ നോക്കുക. ബെല്ലിങ്ഹാം തന്റെ ബോക്സിൽനിന്നും കിട്ടിയ പന്ത് ഗ്രൗണ്ടിന്റെ മധ്യത്തിലൂടെ സെനഗാൾ കളിക്കാരെയെല്ലാം മറികടന്നു ഫോഡന് നൽകിയപ്പോൾ അതിശയത്തോടുകൂടിയല്ലാതെ നോക്കിനിന്നവർ ചുരുക്കമായിരിക്കും. പാസുകൾ കൊണ്ടും ഇന്റർസെപ്ഷൻ കൊണ്ടും ടാക്കിളുകൾ കൊണ്ടും ഈ പത്തൊൻപതുകാരൻ ഗ്രൗണ്ടിൽ നിറഞ്ഞാടി. തുടക്കത്തിൽ വളരെ പതിയെ തുടങ്ങിയ ഇംഗ്ലീഷ് നിരയെ വാക്കുകൾ കൊണ്ടും കാലുകൾ കൊണ്ടും ഉത്തേജിപ്പിക്കാൻ ഹെൻഡേഴ്സണും കൂടെയുണ്ടായിരുന്നു. മിഡ്‌ഫീൽഡിൽ നിന്ന് എതിർബോക്സിലേക്കുള്ള പന്തൊഴുക്കിന്റെ വേഗത കൂടിയത് അയാളുടെ പാസുകളും റണ്ണുകളും കൊണ്ടാണ്. സാക്ക, ഫോഡൻ, റൈസ് എന്നിവരെല്ലാവരും തങ്ങളുടെ ക്ലബ് ഫുട്ബോളിലെ മികച്ച ഫോം ഇവിടെയും നിലനിർത്തി.

ഒസ്മാൻ ടെംബലേ

അടുത്താഴ്ച ഇവരെല്ലാം ക്വാർട്ടറിൽ കൊമ്പുകോർക്കുകയാണ്. താരനിബിഢമായ ഈ ടീമുകൾ മാറ്റുരക്കുമ്പോൾ ലോകകപ്പിലെ തന്നെ മികച്ച കളികളിലൊന്നാവാൻ അതിനു സാധിക്കും. തങ്ങളുടെ ശക്തിയിലേറെ എതിർടീമിന്റെ ദൗർബല്യങ്ങളാവും ഇരുവരും ശ്രദ്ധിക്കുക. ഇന്നലെ സെനഗാൾ പ്രെസിങിൽ ബുദ്ധിമുട്ടിയ ഇംഗ്ലണ്ടിന് സംഭവിച്ച പാസിങ് പിഴവുകൾ ഫ്രാൻസിന്റെ മുന്നിലുണ്ടായാൽ എംബാപെയും ജിറൂഡും ക്രൂരമായി ശിക്ഷിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ മഗ്വയറും കൂടെയുള്ള ഡിഫെൻഡർമാരും അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. വേഗതകൊണ്ട് എതിരാളികളെ ഇല്ലാതാക്കുന്ന ടെംബലേയെയും എംബാപെയെയും തളക്കാൻ ഇന്നലത്തെ സ്ലോ ഗെയിം ഇംഗ്ലണ്ടിന് മാറ്റിവെക്കേണ്ടിവരും. അതുപോലെ ഇന്നലെ പോളണ്ടിന് ലഭിച്ച അവസരങ്ങൾ ഇംഗ്ലണ്ടിന് മുന്നിലിട്ടാൽ ഫ്രാൻസിനെ പ്രഹരിക്കാൻ മുന്നിലുണ്ടാവുക ഹാരി കെയ്‌നും, ബുക്കായോ സാക്കയുമായിരിക്കും. മിഡ്‌ഫീൽഡിലും ഇരുടീമുകൾക്കും പിഴവുകൾ സംഭവിച്ചുകൂടാ. കൗണ്ടർ അറ്റാക്കിനു പേരുകേട്ട വിങ്ങർമാർ ഇരുടീമിലുമുള്ളതു കൊണ്ട് പെട്ടെന്നു തന്നെ ആദ്യഗോൾ സംഭവിക്കാം. മികച്ച ടീമുകൾ എറ്റുമുട്ടുമ്പോൾ ചെറിയ പിഴവുകളാവും കളിയെ മാറ്റിമറിക്കുക. ഡച്ച് ഇതിഹാസം യൊഹൻ ക്രൈഫിന്റെ വാക്കുകൾ ​ഇവിടെ ചേർത്തുവെക്കുന്നു: "ഫുട്ബാൾ പിഴവുകളുടെ കളിയാണ്. അവിടെ കുറഞ്ഞ പിഴവുകൾ സംഭവിക്കുന്ന ടീം വിജയിക്കും."

Show More expand_more
News Summary - arabian nights five