‘ക്ഷമിക്കണം’: 2.5 കോടിയുടെ വാച്ച് മോഷ്ടിച്ചു, ഒടുവിൽ കുറ്റബോധം; ആഡംബര വാച്ച് തിരികെ നൽകി കള്ളൻ
text_fieldsവാച്ച്
ടോക്കിയോ: മോഷണം നടത്തിയതിന് ശേഷം കുറ്റബോധം തോന്നിയ കള്ളൻ മോഷ്ടിച്ച സാധനം തിരികെ നൽകി. ജപ്പാനിലാണ് സംഭവം. 2.5 കോടിയിലധികം രൂപ (290,000 ഡോളർ) വിലമതിക്കുന്ന സ്വിസ് ആഡംബര വാച്ച് മോഷ്ടിച്ച കള്ളൻ, അത് "ക്ഷമിക്കണം" എന്നെഴുതിയ കുറിപ്പിനൊപ്പം കടയിലേക്ക് തിരികെ അയച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ഒരു പ്രശസ്ത വാച്ച് സ്റ്റോറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കസ്റ്റമർ എന്ന വ്യാജേന കടയിലേക്ക് കയറിവന്ന ഒരാൾ, ഓഡെമാർ പിഗെ എന്ന ലോകപ്രശസ്ത ബ്രാൻഡിന്റെ വാച്ച് ഒന്ന് ഇട്ടുനോക്കാൻ ആവശ്യപ്പെട്ടു. കടയുടമ വാച്ച് കൈയ്യിൽ കൊടുത്തതും, അയാൾ അത് കൈത്തണ്ടയിൽ അണിഞ്ഞ് കടയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും അയാളെ പിടികൂടാൻ സാധിച്ചില്ല. ഏകദേശം 290,000 ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 2 കോടി 50 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് അയാൾ കൊണ്ടുപോയത്.
എന്നാൽ കേസിന് അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. ഏതാനും ദിവസങ്ങൾക്ക് ശേഷം കടയിലേക്ക് ഒരു പാഴ്സൽ എത്തി. അത് തുറന്നുനോക്കിയ ജീവനക്കാർ ഞെട്ടിപ്പോയി. കാരണം, അതിനുള്ളിൽ മോഷണം പോയ അതേ വാച്ച് തന്നെയായിരുന്നു. അതിനൊപ്പം കൈയെഴുത്തിൽ എഴുതിയ ഒരു ചെറിയ കുറിപ്പും ഉണ്ടായിരുന്നു. അതിൽ ഒരു വാക്ക് മാത്രം. ക്ഷമിക്കണം. വാച്ചിന്റെ സീരിയൽ നമ്പർ പരിശോധിച്ചപ്പോൾ അത് മോഷണം പോയ അതേ വാച്ച് തന്നെയാണെന്ന് ഉറപ്പായി.
വാച്ച് തിരികെ കിട്ടിയെങ്കിലും കള്ളനെതിരായ കേസ് അവസാനിച്ചിട്ടില്ല. മോഷണക്കുറ്റത്തിന് ടോക്കിയോ പൊലീസ് ഇപ്പോഴും ഇയാളെ തിരയുകയാണ്. എന്തുകൊണ്ടാണ് ഇയാൾ വാച്ച് തിരികെ നൽകിയത് എന്നത് ഇപ്പോഴും ദുരൂഹമാണ്. കുറ്റബോധം കൊണ്ടാണോ, അതോ വാച്ച് വിൽക്കാൻ കഴിയാത്തതിനാലാണോ, അതോ പൊലീസ് പിടിക്കുമെന്ന ഭയം കൊണ്ടാണോ എന്ന് വ്യക്തമല്ല.സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ കടയുടമ പ്രതികരിക്കാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
ടോക്കിയോയിലെ ഇതേ ഷോപ്പിങ് കോംപ്ലക്സിൽ ഇതിന് മുമ്പും വലിയ മോഷണം നടന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ഇതേ കോംപ്ലക്സിലെ മറ്റൊരു സ്റ്റോറിൽ നിന്ന് 200 മില്യൺ യെൻ, അതായത് ഏകദേശം 1.3 മില്യൺ ഡോളർ (11 കോടിയിലധികം രൂപ) വിലമതിക്കുന്ന നാല് ആഡംബര വാച്ചുകൾ മോഷണം പോയിരുന്നു.
ജപ്പാനിൽ ആഡംബര വാച്ചുകൾ മോഷ്ടിക്കുന്ന സംഘങ്ങൾ സജീവമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മോഷ്ടിച്ച വാച്ച് ക്ഷമാപണക്കുറിപ്പോടെ തിരികെ നൽകിയ സംഭവം പൊലീസിനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ മാന്യനായ കള്ളനെ കുറിച്ചാണ് ചർച്ച.

