ശബ്ദം തിരിച്ചറിയും, സംഭാഷണം ഓർമിപ്പിക്കും; കിടിലൻ ഫീച്ചറുകളുമായി ആപ്പിൾ അൾട്രാ 4
text_fieldsആപ്പിൾ പ്രീമിയം സ്മാർട്ട് വാച്ച് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ വാച്ച് അൾട്രാ 4 ഉടൻ പുറത്തിറങ്ങും. മുൻപതിപ്പായ അൾട്രാ 3-ന് സമാനമായ രൂപമാണെങ്കിലും അമ്പരിപ്പിക്കുന്ന മാറ്റങ്ങളുമായാണ് ഈ പുത്തൻ വാച്ച് വിപണിയിലെത്തുന്നത്. കൂടുതൽ കരുത്തുറ്റതും ആപ്പിളിന്റെ ഏറ്റവും വേഗതയേറിയതുമായ എൽവൻ ചിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ റാം മുമ്പത്തേക്കാൾ ഇരട്ടിയാക്കി 4 ജിബി ആയി വർദ്ധിപ്പിച്ചതോടെ വാച്ചിന്റെ പ്രവർത്തനക്ഷമതയും വേഗതയും ഒറ്റ ചാർജിൽ ആപ്പുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇരട്ടിയായി മാറിയിരിക്കുന്നു. ഇതിൽ അത്യാധുനികമായ 'ഹെൽത്ത് സെൻസിംഗ് സിസ്റ്റം' പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ മുമ്പത്തേക്കാൾ 24 മടങ്ങ് കൂടുതൽ കൃത്യതയോടെയും തത്സമയമായും ട്രാക്ക് ചെയ്യാൻ സാധിക്കും. കൂടാതെ ഉപഭോക്താവ് ദിവസവും നടക്കുന്ന ഓരോ ചുവടുകളും തത്സമയം സ്‌ക്രീനിൽ കാണുന്നതിനുള്ള 'സ്റ്റെപ്സ് കോംപ്ലിക്കേഷൻ' ഫീച്ചറും ഇതിലുണ്ട്. അൾട്രാ 3-നെ അപേക്ഷിച്ചു ഇതിന്റെ ബാറ്ററി ലൈഫും ആപ്പിൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട് . സാധാരണ ഉപയോഗത്തിൽ തുടർച്ചയായി 50 മണിക്കൂർ വരെയും ലോ പവർ മോഡിൽ 84 മണിക്കൂർ വരെയും നീണ്ടുനിൽക്കുന്ന വിസ്മയിപ്പിക്കുന്ന ബാറ്ററി ബാക്കപ്പാണ് അൾട്രാ 4 ഉറപ്പുനൽകുന്നത്.
വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 18 മണിക്കൂർ വരെയുള്ള റൺടൈം നൽകുന്ന ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഇതിന്റെ സവിശേഷതയാണ്. സ്മാർട്ട് വാച്ചുകളുടെ ചരിത്രത്തിൽ ആദ്യമായി ഉപഭോക്താവിന്റെ പ്രതിദിന ശാരീരിക ക്ഷമതയും ഉറക്കവും വിശകലനം ചെയ്ത് ആ ദിവസത്തെ ഊർജ്ജസ്വലത അളക്കുന്ന 'റെഡിനസ് ആപ്പ്'ആപ്പിൾ ഇതിലൂടെ പരിചയപ്പെടുത്തുന്നു. കേൾവി പരിമിതിയുള്ളവർക്ക് സഹായകരമാകുന്ന രീതിയിൽ സൈറണുകൾ, ഡോർബെല്ലുകൾ, കുഞ്ഞുങ്ങളുടെ കരച്ചിൽ എന്നിവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ ഇന്റലിജൻസ് ശബ്ദ സംവിധാനവും ഇതിലുണ്ട്. കൂടാതെ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറന്നുപോയാൽ ഡിജിറ്റൽ ക്രൗൺ രണ്ട് തവണ അമർത്തി തൊട്ടുമുൻപുള്ള 15 സെക്കൻഡിലെ സംഭാഷണം ടെക്സ്റ്റായി വായിക്കാൻ സഹായിക്കുന്ന 'ലൈവ് റീവൈൻഡ്' സംസാരിച്ച കാര്യങ്ങളുടെ പ്രധാന വിവരങ്ങൾ ചുരുക്കി നൽകുന്ന 'സിരി റീക്യാപ്' എന്നിവയും അൾട്രാ 4-ൽ മാത്രം ലഭ്യമാകുന്ന സവിശേഷതകളാണ്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 67,000 രൂപ വില വരുന്ന ആപ്പിൾ വാച്ച് അൾട്രാ 4 സെപ്റ്റംബർ 18 മുതൽ ആഗോളതലത്തിൽ വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

