കയാദു ലോഹർ ഉപയോഗിച്ച വെള്ളക്കുപ്പി ഒ.എൽ.എക്സിൽ വിൽപ്പനക്ക്; വില 3 ലക്ഷം രൂപ!
text_fieldsകയാദു ലോഹർ
ഡ്രാഗൺ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് കയാദു ലോഹർ. 'ദി പാരഡൈസ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് പിന്നാലെ, താരവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രിയ താരങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ഷൂസ്, ആക്സസറീസ് എന്നിവ ആരാധകർ സൂക്ഷിക്കുന്നത് പുതിയ കാര്യമല്ല.
എന്നാൽ ഇപ്പോൾ ഷൂട്ടിങ്ങിനിടെ കയാദു ലോഹർ ഉപയോഗിച്ച ഒരു വെള്ളക്കുപ്പി ഒ.എൽ.എക്സിൽ വിൽപ്പനക്ക് വെച്ചിരിക്കുകയാണ് ഒരാൾ. അതിന് ഇട്ടിരിക്കുന്ന വിലയാകട്ടെ 3 ലക്ഷം രൂപയും. സാധാരണ ഒരു പ്ലാസ്റ്റിക് വെള്ളക്കുപ്പിക്ക് കയാദു ഉപയോഗിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ വൻ തുക വിലയിട്ടിരിക്കുന്നത്. ഈ ലിസ്റ്റിങ്ങിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു കുപ്പിക്കും സെലിബ്രിറ്റി റേറ്റോ? എന്ന കമന്റുകളാണ് അധികവും.
വാർത്ത വൈറലായതോടെ നെറ്റിസൺസ് പല തരത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തി. സെലിബ്രിറ്റി ഭ്രാന്ത് ഇത്രത്തോളം ആയോ?, ഉപയോഗിച്ച വെള്ളക്കുപ്പിക്ക് 3 ലക്ഷമോ? എന്നാണ് പലരുടെയും ചോദ്യം. ചിലർ തമാശ കലർന്ന കമന്റുകളുമായി എത്തുമ്പോൾ, മറ്റ് ചിലർ ഫാൻസിന്റെ സ്നേഹത്തിനും ഒരു പരിധി വേണമെന്ന് പറയുന്നു. സെലിബ്രിറ്റികളുടെ പേര് ഉപയോഗിച്ച് പണം ഉണ്ടാക്കാനുള്ള ചിലരുടെ വിചിത്രമായ വഴികളെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
താരാരാധന എത്രത്തോളം പോകാം എന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. സാധാരണയായി സെലിബ്രിറ്റികളുടെ വസ്തുക്കൾ ഓർമക്കായി സൂക്ഷിക്കാറുണ്ട്. എന്നാൽ അതേ വസ്തു ലക്ഷങ്ങൾക്ക് വിൽക്കാൻ ശ്രമിക്കുന്നത് തീർച്ചയായും അതിരുകടന്ന ഒരു പ്രവർത്തി ആണ്. എന്നാൽ ഇതിൽ ഒരു സംശയവും ബാക്കിയുണ്ട്. ഒ.എൽ.എക്സിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കുപ്പി ശരിക്കും കയാദു ലോഹർ ഉപയോഗിച്ചത് തന്നെയാണോ? അതോ താരത്തിന്റെ പേര് ഉപയോഗിച്ച് നടത്തുന്ന ഒരു വ്യാജ പബ്ലിസിറ്റി സ്റ്റണ്ടാണോ? ഇതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
'ദി പാരഡൈസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കയാദു ഇപ്പോൾ നിരവധി പ്രോജക്ടുകളിലായി തിരക്കിലാണ്. ഒരു വശത്ത് സിനിമകളിലൂടെ വാർത്തകളിൽ നിറയുമ്പോൾ, മറുവശത്ത് ഇത്തരം വിചിത്രമായ വൈറൽ വാർത്തകളും താരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കയദു ലോഹർ ഉപയോഗിച്ച വെള്ളക്കുപ്പിക്ക് 3 ലക്ഷം രൂപ എന്ന വാർത്ത സത്യമാണോ അതോ സോഷ്യൽ മീഡിയയിലെ മറ്റൊരു വൈറൽ പോസ്റ്റ് മാത്രമാണോ എന്ന് വ്യക്തത വന്നിട്ടില്ല.

