താര ആരാധന അതിര് കടക്കുമ്പോൾ; 'സെലിബ്രിറ്റി വർഷിപ്പ് സിൻഡ്രോമിന്‍റെ' മനഃശാസ്ത്രം
text_fieldsതാര ആരാധന എന്നത് കേവലം ഒരു വിനോദമെന്നതിലുപരി പലപ്പോഴും വ്യക്തികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന ഒന്നായി മാറാറുണ്ട്. മിക്കവർക്കും ഏതെങ്കിലും നടനോടോ നടിയോടോ ഇഷ്ടക്കൂടുതലുണ്ടാകും. അവരുടെ സിനിമകള്‍ ആദ്യം കാണാനും വിശേഷങ്ങള്‍ അറിയാനുമൊക്കെ താത്പര്യമുണ്ടാകും. പക്ഷേ, ഈ ഇഷ്ടവും കടന്ന് താര ആരാധന അമിതമാകുമ്പോൾ അത് ഗുരുതരമായ പ്രശ്നമായി മാറുന്നു. ആരാധന ആരോഗ്യകരമായ പരിധി വിടുമ്പോൾ അതിനെ 'സെലിബ്രിറ്റി വർഷിപ്പ് സിൻഡ്രോം' എന്നാണ് മനഃശാസ്ത്രം വിളിക്കുന്നത്.
ജനനായകന്റെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ എത്തിയ വിജയ്യെ വളഞ്ഞ ആരാധകരെ നമ്മൾ വാർത്തകളിൽ കണ്ടതാണ്. നടനെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് ആരാധക പ്രവാഹമാണ് കാത്തുനിന്നത്. കാറിനടുത്തേക്ക് നടന്ന സമയത്താണ് ജനങ്ങൾ താരത്തെ വളഞ്ഞത്. ആൾക്കൂട്ടത്തിൽ ഇടയിൽപ്പെട്ട് വിജയ് താഴെ വീണു. പിന്നീട് സുരക്ഷാ സംഘം അദ്ദേഹത്തെ സുരക്ഷിതമായി കാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഒരു പരിപാടിയിൽ നടി നിധി അഗർവാളിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായത് വാർത്തയായിരുന്നു. ഹൈദരാബാദിൽ ഒരു സാരി ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ നടി സാമന്ത റൂത്ത് പ്രഭുവിനും സമാനമായ അനുഭവം നേരിടേണ്ടി വന്നു. മുബൈയിൽ ഒരു പരിപാടിക്ക് വന്ന ജാൻവി കപൂറും ഇത്തരത്തിലുള്ള കടന്നാക്രമണം നേരിട്ടിട്ടുണ്ട്. എല്ലാമനുഷ്യർക്കും അവരുടെ പേഴ്‌സണല്‍ സ്പെയിസ് വളരെ പ്രധാനപ്പെട്ടതാണ്. അതിന് സെലിബ്രിറ്റികളെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ല. എന്നാൽ അത് മനസിലാക്കാതെയാണ് പലപ്പോഴും ആരാധകരെന്ന് അവകാശപ്പെടുന്നവർ പെരുമാറുന്നത്.
താരത്തിന്റെ വസ്ത്രധാരണം, സംസാരം, ജീവിതശൈലി എന്നിവ അന്ധമായി അനുകരിക്കുന്നവരുമുണ്ട്. താൻ ആരാധിക്കുന്ന വ്യക്തിയെപ്പോലെ ആകാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം വ്യക്തിത്വം തന്നെയാണ് ഇവിടെ നഷ്ടമാകുന്നത്. താരത്തിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ ആരാധകന്റെ മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്നു. താരത്തിന്റെ ഒരു പരാജയമോ വിവാദമോ ആരാധകനെ കടുത്ത നിരാശയിലേക്കോ വിഷാദത്തിലേക്കോ നയിച്ചേക്കാം. സിനിമ പരാജയപ്പെടുമ്പോഴോ താരം വിമർശിക്കപ്പെടുമ്പോഴോ ആരാധകർ അക്രമാസക്തരാകുന്നതും ഇതിന്റെ ലക്ഷണമാണ്. മറ്റൊരു താരത്തെ ഇഷ്ടപ്പെടുന്നവരെ ശത്രുക്കളായി കാണുകയും സോഷ്യൽ മീഡിയയിലൂടെ അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇക്കാലത്ത് വ്യാപകമാണ്. ഇത് വ്യക്തികളിൽ വിദ്വേഷവും മാനസിക സമ്മർദവും വർധിപ്പിക്കുന്നു.
മനഃശാസ്ത്രജ്ഞർ സെലിബ്രിറ്റി വർഷിപ്പ് സിൻഡ്രോമിനെ അതിന്റെ തീവ്രത അനുസരിച്ച് പ്രധാനമായും മൂന്ന് തലങ്ങളായി തിരിച്ചിട്ടുണ്ട്.
എന്റര്‍ടെയ്ന്‍മെന്റ്-സോഷ്യല്‍: ഒരു സെലിബ്രിറ്റിയെ സോഷ്യല്‍മീഡിയയില്‍ ഫോളോ ചെയ്യുന്നതും അവരെ കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുന്നതുമൊക്കെ ഇതിലുൾപ്പെടുന്നു. ഇതൊരു സാധാരണ അവസ്ഥയാണ്. അപകടകരമല്ല. മിക്കവാറും ആരാധകരും ഈ ഗണത്തിൽ പെടുന്നവരാണ്. താരത്തിന്റെ സിനിമകൾ കാണുക, അവരുടെ അഭിമുഖങ്ങൾ വായിക്കുക, സുഹൃത്തുക്കളുമായി താരത്തെക്കുറിച്ച് സംസാരിക്കുക എന്നിവയൊക്കെ ഇതിൽ വരുന്നു.
ഇന്‍റൻസ് പേഴ്‌സണല്‍: ഈ ഘട്ടത്തിൽ ആരാധന കൂടുതൽ ആഴത്തിലുള്ളതാകുന്നു. താരം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന തോന്നൽ ഇവിടെ തുടങ്ങുന്നു. ആരാധന അല്‍പം കൂടി കടന്ന് തീവ്രവും വ്യക്തിപരമാകുന്ന അവസ്ഥയാണ് ഇത്. ഇഷ്ടതാരം നിങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കുക, നിരന്തരം അവരെ കുറിച്ച് ചിന്തിക്കുക. ഇതൊക്കയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍.
ബോര്‍ഡര്‍ലൈന്‍-പാത്തോളജിക്കല്‍: ആരാധന ഏറ്റവും തീവ്രമായ അവസ്ഥയിലേക്ക് എത്തുന്നു. ഇഷ്ടതാരത്തിന് വേണ്ടി നിയമം കയ്യിലെടുക്കാന്‍ വരെ തയാറാവുക, അവരെ പിന്തുടരുക, വീടുകളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുക. തുടങ്ങിയ കുറ്റകരമായ അവസ്ഥയിലേക്ക് ആരാധന മാറുന്നു. താരത്തിന്റെ വീടിന് മുന്നിൽ ദിവസങ്ങളോളം കാത്തുനിൽക്കുക, അവരെ പിന്തുടരുക, താരം ആവശ്യപ്പെട്ടാൽ എന്തുചെയ്യാനും തയാറാവുക തുടങ്ങിയവ ഈ ഘട്ടത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരക്കാരിൽ പലപ്പോഴും ഫാന്റസികളും ഭ്രമാത്മകമായ ചിന്തകളും കൂടുതലായിരിക്കും.
താര ആരാധന വെറുമൊരു ഇഷ്ടത്തിനപ്പുറം ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് മാറുമ്പോൾ അത് വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറുന്നു. താരത്തെ ഒരു സാധാരണ മനുഷ്യനായി കാണാൻ കഴിയാതെ, അവർക്ക് അമാനുഷിക പരിവേഷം നൽകുന്നതും അപകടമാണ്. താരത്തിന് വേണ്ടി ആത്മഹത്യക്ക് ശ്രമിക്കുകയോ, ശരീരത്തിൽ പേര് പച്ചകുത്തുകയോ, ഭക്ഷണം ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഈ ഭ്രാന്തമായ അവസ്ഥയുടെ ലക്ഷണമാണ്. താരത്തെ ആരെങ്കിലും വിമർശിച്ചാൽ അത് സ്വന്തം അസ്തിത്വത്തിന് നേരെയുള്ള ആക്രമണമായി ഇവർ കണക്കാക്കുന്നു. ഇത് സൈബർ ആക്രമണങ്ങൾക്കും തെരുവിലെ കയ്യാങ്കളികൾക്കും കാരണമാകുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകൾ അടിച്ചുതകർക്കുന്നതും ഇതിന്റെ ഭാഗമാണ്.
താരം തന്നെ അറിയുന്നുണ്ടെന്നും താനുമായി അവർക്ക് രഹസ്യമായ ബന്ധമുണ്ടെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഇതിനെ 'ഇറോട്ടോമാനിയ' (Erotomania) എന്ന് ചില സന്ദർഭങ്ങളിൽ വിളിക്കാറുണ്ട്. താരത്തിന്റെ വിവാഹമോ പ്രണയമോ ഇക്കൂട്ടരിൽ കടുത്ത അസൂയയും മാനസിക തകർച്ചയും ഉണ്ടാക്കുന്നു.
ആരാധന എന്നത് വ്യക്തിപരമായ താല്പര്യമാണ്. എന്നാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കാത്ത രീതിയിലും സ്വന്തം ജീവിതത്തെ ബാധിക്കാത്ത രീതിയിലും ആരോഗ്യകരമായ ആരാധനയായി നിലനിർത്തുന്നതാണ് ഉചിതം. സിനിമയെ ഒരു കലയായും താരങ്ങളെ മികച്ച കലാകാരന്മാരായും കാണുന്നതാണ് ഏറ്റവും നല്ല രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

