പെരിന്തൽമണ്ണ: ആനമങ്ങാട് വടക്കേചേരിയിൽ സ്വകാര്യ പറമ്പിൽ തീപിടുത്തത്തിൽ സമീപവാസിയായ 60 കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാകൃഷ്ണൻ (60) ആണ് പൊള്ളലേറ്റ് മരിച്ചത്. പെരിന്തൽമണ്ണ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.
തീ അണക്കുന്നതിനുള്ള ശ്രമത്തിനിടെ രാധാകൃഷ്ണനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാധാകൃഷ്ണൻ അപസ്മാര രോഗം ഉള്ളയാളാണെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഈ ഭാഗത്ത് തീ പടർന്നത്. പ്രദേശത്തുകാരനാണ് രാധാകൃഷ്ണൻ. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങളായ ഇ. പി അയ്യൂബ്, പി.പി രാജേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗത്ത് ഏക്കർ കണക്കിന് സ്ഥലത്തെ മരങ്ങളും പുൽക്കാടുകളും കത്തി നശിച്ചിട്ടുണ്ട്. കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ പെരിന്തൽമണ്ണ ഫയർ ആന്റ് റസ്ക്യൂ വിഭാഗവും നാട്ടുകാരും മുൻകരുതൽ നടത്തുന്നുണ്ട്. പാറുക്കുട്ടിയാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. മണികണ്ഠൻ, രജിത എന്നിവർ മക്കളാണ്. മരുമകൻ: സുബ്രഹ്മണ്യൻ (പരിയാപുരം ചേരി).