കൂട്ടിലങ്ങാടി: ഒറ്റപ്പാലത്തുണ്ടായ ബൈക്കപകടത്തിൽ കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ സ്വദേശി യുവ ഡോക്ടർ മരിച്ചു. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണയിലെ കൂരിമണ്ണിൽ പൂളിക്കാമത്ത് അലവിക്കുട്ടിയുടെയും റൈഹാനത്തിന്റെയും മകൻ കെ.പി. മുഹമ്മദ് റിയാസ് (27) ആണ് മരിച്ചത്. ഒറ്റപ്പാലം കുറവട്ടൂരിൽ ഞായറാഴ്ച രാത്രി 12.30നായിരുന്നു അപകടം. തൃശൂരിലേക്കുള്ള യാത്രക്കിടെ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിതൂണിൽ ഇടിക്കുകയായിരുന്നു.
കസാഖ്സ്താനിൽനിന്ന് അഞ്ചു വർഷത്തെ മെഡിക്കൽ പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യയിലെ അംഗീകൃത യോഗ്യതാ സർട്ടിഫിക്കറ്റിനായുള്ള പരീക്ഷക്ക് തൃശൂരിൽ കൂട്ടുകാരോടൊപ്പം ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. ശനിയാഴ്ച പരീക്ഷ എഴുതി ഹോസ്റ്റലിലുള്ള സാധനങ്ങൾ എടുക്കാനായി വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു റിയാസ്. റിയാസിന്റെ ഏക സഹോദരൻ റിഷാബ് ഒന്നരവർഷം മുമ്പ് ആനക്കയം പാലത്തിന്റെ കൈവരിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. സഹോദരി: റിഷാന.