മാള: മുതിർന്ന കോൺഗ്രസ് നേതാവ് പാലിശ്ശേരി വർഗീസ് കാച്ചപ്പിള്ളി (84) നിര്യാതനായി. ദീർഘനാളുകളായി വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മസുഹൃത്തായിരുന്നു.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അന്നമനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. അരനൂറ്റാണ്ടുകാലത്തെ തെരഞ്ഞെടുപ്പുകളിൽ തോൽവിയറിയാത്ത വ്യക്തിത്വവുമാണ്.
കൊരട്ടി മദുരാകോട്സിലെ ജോലിക്കിടെയായിരുന്നു രാഷ്ട്രീയപ്രവേശം. ചുരുങ്ങിയ കാലംകൊണ്ട് ലീഡർ കെ. കരുണാകരന്റെ മനസ്സിൽ ഇടംനേടി. കരുണാകരനിൽനിന്നും പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട കാച്ചപ്പിള്ളി നാടിന്റെ പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തിച്ചു. മാള സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
ഭാര്യ: ബേബി. മക്കൾ: അഡ്വ. വിനു വർഗീസ്, വിനി. മരുമക്കൾ: രമ്യ, പോൾസൺ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കുമ്പിടി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.