മണ്ണുത്തി: മംഗലംഡാമിൽ തിപ്പിലിക്കയം വെള്ളക്കെട്ടിൽ തൃശൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കാളത്തോട് ചക്കാലത്തറ സ്വദേശി അത്തിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ അക്മലാണ് (17) മരിച്ചത്. ഞായറാഴ്ച രാവിലെ സൃഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പമാണ് മംഗലംഡാം ആലിങ്കൽ വെള്ളച്ചാട്ടത്തിൽ എത്തിയത്. വെള്ളച്ചാട്ടത്തിനടുത്തുള്ള തിപ്പിലിക്കയം വെള്ളക്കെട്ടിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. അക്മൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ പത്തരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം മൃതദേഹം കാളത്തോട് ജുമാമസ്ജിദിൽ ഖബറടക്കി. മാതാവ്: മാജിത. സഹോദരികൾ: ഫർഹാന, ഫീത.