തിരൂർക്കാട് (മലപ്പുറം): കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു കുട്ടികൂടി മരിച്ചു. തിരൂർക്കാട് സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ അടക്കം ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന മകൾ ഹാദിയ ഫാത്തിമയാണ് (ഒമ്പത്) മരിച്ചത്.
അബ്ദുൽ ജലീലും ഭാര്യ തസ്നിയും മാതാവ് മൈമൂനത്തും മകൻ ആദിലും അപകടദിവസം മരിച്ചിരുന്നു.
ചികിത്സയിലിരുന്ന മൂന്നു കുട്ടികളിൽ രണ്ടുപേർ ആശുപത്രി വിട്ടെങ്കിലും ഹാദിയ ഫാത്തിമ ആശുപത്രിയിൽതന്നെയായിരുന്നു. ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശനത്തിന് പുറപ്പെട്ടതാണ്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
മങ്കട അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഹാദിയ ഫാത്തിമ.