കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നശേഷം മാതാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം
തൃശൂർ: അടാട്ട് അമ്പലംകാവിൽ അമ്മയെയും അഞ്ചു വയസ്സുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. അമ്പലംകാവ് സ്വദേശി മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ്ജിത്ത് (5) എന്നിവരാണ് മരിച്ചത്.
ശിൽപയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശിൽപ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും വീട്ടിലുണ്ടായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മോഹിത്തിന് പനിയായിരുന്നതിനാൽ രാത്രി മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത് എന്നാണ് മൊഴി.
രാവിലെ ഏറെ വൈകിയും ശിൽപയുടെ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ശിൽപ ഫോണിൽ റെക്കോഡ് ചെയ്ത് വെച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പി.എസ്.സി പരീക്ഷക്കായുള്ള തയാറെടുപ്പിലായിരുന്നു ശിൽപയെന്നും പ്രദേശവാസികൾ പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.