കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സ്വകാര്യ സ്ഥലത്തെ വ്യൂ പോയന്റില്‍നിന്ന് താഴ്ചയിലേക്കു വീണ യുവാവ് മരിച്ചു.
മലപ്പുറം മുണ്ടുപറമ്പ് ചേരിയിലെ തച്ചാഞ്ചേരി വീട്ടില്‍ പരേതനായ ജനാര്‍ദനന്റെ മകന് ജിതിന് (30) ആണ് മരിച്ചത്. വീഴ്ചക്കിടെ കഴുത്തില്‍ മരക്കൊമ്പ് തറച്ചുകയറി ഗുരുതരമായി പരിക്കേറ്റ ജിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. വിമാനത്താവളത്തിനടുത്ത് കുമ്മിണിപ്പറമ്പ് വെങ്കുളത്തുമാട്ടിലെ വ്യൂ പോയന്റ് എന്നു വിളിക്കുന്ന സ്ഥലത്തുനിന്ന് യുവാവ് ചെങ്കുത്തായ താഴ്ചയിലേക്കു വീഴുകയായിരുന്നു. ഇതിനിടെയാണ് മരക്കൊമ്പ് കഴുത്തില്‍ തറച്ചുകയറിയത്.
നാട്ടുകാരും കരിപ്പൂര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെകൂടി സഹായത്തോടെ ജിതിനെ പുറത്തെത്തിച്ച് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നേരിട്ട് പ്രവേശിക്കാതെതന്നെ വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും നേരിട്ട് കാണാന്‍ കഴിയുന്ന കുമ്മിണിപ്പറമ്പ് വെങ്കുളത്തുമാട്ടിലെ സ്വകാര്യ സ്ഥലത്തേക്ക് കാഴ്ചക്കാര്‍ എത്തുന്നത് പതിവാണ്. ഇവിടെ പൊലീസും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതുമാണ്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിതിന്റെ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ഐവർമഠത്തിൽ നടക്കും. മാതാവ്: പരേതയായ ശാന്ത. സഹോദരിമാര്‍: അശ്വതി, ആര്യ.