ചെന്ത്രാപ്പിന്നി: ചാമക്കാല കടപ്പുറത്ത് ജിപ്സി മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാമക്കാല രാജീവ് റോഡിൽ പള്ളിത്തറവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ചാണ് സംഭവം. കൂട്ടുകാരനുമൊത്ത് കടപ്പുറത്ത് എത്തിയതായിരുന്നു സിനാൻ.
ഈ സമയത്ത് പരിചയമുള്ള ഒരാൾ കടപ്പുറത്ത് ജിപ്സി ഓടിക്കുന്നത് കണ്ട് ഇതിൽ കയറിയിരുന്നു. ജിപ്സി ഓട്ടത്തിനിടെ പെട്ടന്ന് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ പുതിയവീട്ടിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷെഫീറിന് കയ്യിൽ ചെറിയ പരിക്കുണ്ട്.
ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. മാതാവ്: സാബിറ. സഹോദരങ്ങൾ: ഇർഫാൻ, സിയാൻ.