കണ്ണൂർ: തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ഇമ്മാനുവൽ (മാണി) കണ്ടത്തിൽ (93) നിര്യാതനായി. പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിൽ പരേതരായ കണ്ടത്തിൽ മാണി-ഏലി ദമ്പതികളുടെ മകനാണ്. 1951ൽ കോഴിക്കോട് രൂപതക്കുവേണ്ടി ക്രൈസ്റ്റ് ഹിൽ സെമിനാരിയിലാണ് വൈദിക പരിശീലനം ആരംഭിച്ചത്. 1954ൽ തലശ്ശേരി രൂപതക്കുവേണ്ടി മംഗളൂരു സെന്റ് ജോസഫ്സ് സെമിനാരിയിൽ വൈദിക പരിശീലനം തുടർന്നു. പേരാവൂർ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ അസി. വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. കുറുമ്പാല, കോട്ടത്തറ, കുറുമാനിക്കുന്ന് (മാനന്തവാടി), പാലക്കയം (പാലക്കാട്), വിജയഗിരി, കീഴ്പള്ളി, മലാപ്പറമ്പ് (താമരശ്ശേരി), ഇടക്കോം, വിളക്കന്നൂർ, ചെങ്ങോം, കാർത്തികപുരം, അരീക്കമല, മാടത്തിൽ എന്നീ ഇടവകകളിൽ വികാരിയായി.
സഹോദരങ്ങൾ: മാത്യു എം. കണ്ടത്തിൽ, സിസ്റ്റർ ജെറോം എഫ്.സി.സി (കല്ലോടി), പരേതരായ ജോൺ, ജോസഫ്, സെബാസ്റ്റ്യൻ. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. വൈകീട്ട് മൂന്നുമുതൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിനുവെക്കും. വൈകീട്ട് 6.30ന് കരിക്കോട്ടക്കരിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.