ഇരിങ്ങാലക്കുട: പുല്ലൂർ മഠത്തിക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഞായറാഴ്ച മൂന്നു മണിയോടെ ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിൽ മഠത്തിക്കര ജങ്ഷനിലാണ് അപകടം നടന്നത്. ഇലക്ട്രിക് സ്കൂട്ടർ യാത്രികനായ പുല്ലൂർ ഊരകം സ്വദേശിയായ പനങ്ങാടൻ ചന്ദ്രദാസൻ (62) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നു വന്നിരുന്ന ഇദ്ദേഹം മഠത്തിക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ പുല്ലൂർ ഭാഗത്തുനിന്നു വന്നിരുന്ന ഇരിങ്ങാലക്കുട സ്വദേശി കെവിൻ ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചന്ദ്രദാസനെ നാട്ടുകാരും കാർ ഡ്രൈവറും ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജിനി. മകൻ: അനന്തു.