ആമ്പല്ലൂർ (തൃശൂർ): ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് പാലിയേക്കരയിൽ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ മണലി പുഴക്കു സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (35) മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് മൂന്നരക്ക് ടോൾ പ്ലാസക്കു സമീപം ബസ് നിര്‍ത്തിയിട്ടാണ് ബാബു ഇറങ്ങിപ്പോയത്. ശരീരസുഖമില്ലെന്ന് പറഞ്ഞ് ബസ് നിർത്തി താക്കോൽ കണ്ടക്ടർക്ക് നൽകിയശേഷം പുറത്തിറങ്ങുകയായിരുന്നു. ബസിൽനിന്നിറങ്ങിയ ഉടൻ മണലി പാലത്തിന് സമീപത്തേക്ക് ഓടിയ ബാബു മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. പിന്തുടർന്ന് കണ്ടക്ടറും യാത്രക്കാരും എത്തിയെങ്കിലും കണ്ടെത്താനായില്ല.
യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്കു മാറ്റി. പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനു സമീപം ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകോപനകാരണം വ്യക്തമല്ല. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ബാബു അവിവാഹിതനാണ്. അമ്മ: അമ്മാളു. സഹോദരങ്ങൾ: മോഹനൻ, സിദ്ധാർഥൻ, രാജൻ, പ്രകാശൻ, രത്നമണി, വസന്ത.