മുണ്ടൂർ: ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടൂർ കണക്ക് പറമ്പ് വീട്ടിൽ ഹരിദാസിന്റെ മകൻ പൃഥ്വിരാജ് (27) ആണ് മരിച്ചത്. പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണാടി ലുലു മാളിന് സമീപം ചൊവാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. കുവൈത്തിൽ ജോലി ചെയ്തിരുന്ന പൃഥ്വിരാജിന് ദുബൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് രണ്ടാഴ്ചത്തെ അവധിക്ക് വന്നതായിരുന്നു. സുഹൃത്തിനെ കാണാൻ പോകുന്ന വഴിയിലാണ് അപകടം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: വിമല, സഹോദരൻ: ഇന്ദ്രജിത്ത് (സി.ഐ.എസ്.എഫ്) .സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഐവർ മഠം ശ്മശാനത്തിൽ.