കല്ലടിക്കോട്: നായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുണ്ടൂർ കാഞ്ഞിക്കുളം ചേലപ്പാറ വിശ്വനാഥൻ (63) ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളത്താണ് അപകടം. കാഞ്ഞിക്കുളം ചെക്ക് പോസ്റ്റ് ഭാഗത്തുനിന്ന് രണ്ടു യാത്രക്കാരുമായി സത്രം കാവിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
അപകടത്തിൽ തലക്കും കാലിനും സാരമായി പരിക്കേറ്റ വിശ്വനാഥനെ ഉടനെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശ്വനാഥന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. മരിച്ച വിശ്വനാഥന്റെ ഭാര്യ: സുമതി. മക്കൾ: ബിബിൻ (സ്വകാര്യ കമ്പനി), വിഷ്ണു (മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയൻ ക്യാമ്പ്). സഹോദരങ്ങൾ: മണി, ശശി, സുജാത, സുമതി.