ചേർപ്പ്: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊരകം സൗത്ത് ബസ് സ്റ്റോപ്പിനു സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയും വില്ലേജ് ഓഫിസ് ജീവനക്കാരിയുമായ യുവതിക്ക് ദാരുണാന്ത്യം. പൊറത്തിശ്ശേരി വില്ലേജ് ഓഫിസിലെ ജീവനക്കാരിയായ പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ ജെറിയുടെ ഭാര്യ സ്നേഹയാണ് (32) മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ‘റീ ബോൺ ലിമിറ്റഡ് സ്റ്റോപ് ബസ് മറ്റൊരു ബസിനെ മറികടന്ന് വരുന്നതിനിടെ എതിരെ വരുകയായിരുന്ന സ്നേഹയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ സ്നേഹ ബസിനടിയിൽ അകപ്പെടുകയും തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്കൂട്ടർ ഭാഗികമായി തകർന്നു.
മൃതദേഹം തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ പൂച്ചിന്നിപ്പാടം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടക്കും. മക്കൾ: അമല, ആൻസിയ.