എരുമപ്പെട്ടി: ടെറസ് വീടിന്റെ ഗോവണിയിൽനിന്ന് വീണ് വയോധികൻ മരിച്ചു. നെല്ലുവായ് മുരിങ്ങത്തേരി കാങ്കലാത്ത് വീട്ടിൽ ചന്ദ്രനാണ് (65) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ നിന്ന് കൈവരിയില്ലാത്ത ഗോവണിയിലൂടെ ഇറങ്ങുന്നതിനിടയിൽ വീഴുകയായിരുന്നുവെന്ന് കരുതുന്നു. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു ചന്ദ്രൻ. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഭാര്യ രാവിലെ ജോലിക്ക് പോയതായിരുന്നു. ചന്ദ്രൻ രാവിലെ ടെറസിന് മുകളിൽ നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാരാണ് താഴെ വീണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ജയ. മക്കൾ: ജിജേഷ്, ജിജിത. മരുമകൻ: സുബീഷ്.