പാലക്കാട്: സി.പി.എം പ്രവർത്തകനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് പടലിക്കാട് സ്വദേശി ശിവനാണ് (40) മരിച്ചത്. മരുതറോഡ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പടലിക്കാടിൽ സി.പി.എം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പോലും പ്രദേശവാസികൾ ഇയാളെ കണ്ടിരുന്നു. വീട്ടിൽനിന്ന് രാവിലെ ചായകുടിച്ച ശേഷം ഇറങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു. മരണകാരണം വ്യക്തമല്ല. അസ്വാഭാവികതയുള്ളതായി വീട്ടുകാരോ നാട്ടുകാരോ മറ്റ് രാഷ്ട്രീയ പാർട്ടികളോ ആരോപിക്കുന്നില്ല. ശിവൻ അവിവാഹിതനാണ്. മാതാവ്: കല്യാണി. സഹോദരങ്ങൾ: തങ്കവേലു, രാമദാസ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മലമ്പുഴ പൊലീസ് അറിയിച്ചു.