കരുവാരകുണ്ട്: സ്കൂൾ പഠനയാത്ര കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. കരുവാരകുണ്ട് തരിശ് ചിറക്കോട് തൈക്കാടൻ സുൽഫീക്കറിന്റെ മകൻ മുഹമ്മദ് സനദാണ് (18) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ പൂക്കോട്ടുംപാടം പായമ്പാടത്താണ് അപകടം. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. നിലമ്പൂർ ചന്തക്കുന്നിലെ ഉമ്മയുടെ വീട്ടിലേക്ക് ബൈക്കിൽ പോകവെ അപകടത്തിൽപെടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി പത്തോടെ തരിശ് മഹല്ല് ജുമാമസ്ജിദിൽ ഖബറടക്കി. പിതാവ് സുൽഫിക്കർ സൗദിയിലാണ്. മാതാവ്: സിയ. സഹോദരി: സന.