ഇരിട്ടി: മുഴക്കുന്ന് കടുക്കപ്പാലത്തിനടുത്ത് ഓട്ടോ ടാക്സിയും സ്കൂട്ടറും കൂട്ടിയിടിച്ച് മതപണ്ഡിതന് ദാരുണാന്ത്യം. ചെറുകുന്ന് സ്വദേശിയും മുരിങ്ങോടി ജുമാമസ്ജിദ് ഖതീബുമായ മുസമ്മിൽ ഇർഫാനി അൽ മക്തൂമി (32) ആണ് മരിച്ചത്. ചൊവ്വാഴ്ച കാലത്തായിരുന്നു അപകടം. രണ്ടു വർഷമായി മുരിങ്ങോടി പള്ളി ഖതീബായി ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച സ്വദേശമായ ചെറുകുന്നിൽ നിന്നും ഭാര്യയെയും കൂട്ടി അഞ്ചരക്കണ്ടി ഊർപ്പള്ളിയിലെ വീട്ടിൽ ഇറക്കിയ ശേഷം മുരിങ്ങോടിയിലേക്കുള്ള യാത്രക്കിടയിലാണ് മുസമ്മിൽ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചത്.
റമദാനോടനുബന്ധിച്ച് മഹല്ലിലെ സ്ത്രീകൾക്ക് ക്ലാസെടുക്കുന്നതിന് വരുകയായിരുന്നു. അപകടം നടന്നയുടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖദീജ. മകൻ: മുജ്തബ്. കണ്ണൂർ ഗവ. ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം അഞ്ചരക്കണ്ടിയിലെ ഭാര്യവീട്ടിൽ എത്തിച്ച മൃതദേഹം ചെറുകുന്ന് ഒളിയങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.