പയ്യന്നൂർ: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മാടായി വാടിക്കൽ കടവ് റോഡിൽ വാടിക്കൽ ബോട്ട്ജെട്ടിക്ക് സമീപത്തെ ചേരിച്ചി ഹൗസിലെ സി. മുഹമ്മദ് നിഷാൻ (19) ആണ് മരിച്ചത്. എം. അബ്ദുൽ ജലീൽ (ബംഗളൂരു)- സി. മൻസൂറ ദമ്പതികളുടെ മകനാണ്.
പയ്യന്നൂർ ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കൗണ്ടൻസി വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ 11ന് ക്ലാസ് കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ 11.20ഓടെയാണ് അപകടം. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കം വെള്ളിയാഴ്ച മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളി ഖബർസ്ഥാനിൽ. സഹോദരങ്ങൾ: മിസാജ, സനാജ (യു.എ.ഇ).