പൊക്കുന്ന്: ബസ് തൊഴിലാളിയെ ആനിഹാൾ റോഡിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മാങ്കാവ് കടുപ്പിനി വാരിയത്ത് ജിഷാന്തിനെ (കുട്ടൻ-35) ആണ് തിങ്കളാഴ്ച വൈകീട്ട് ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാറാട് റൂട്ടിലെ ബസിൽ കണ്ടക്ടറായ ജിഷാന്ത് ജോലിക്കുശേഷം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ടൗൺ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ആനിഹാൾ റോഡിനു സമീപം ബൈക്കിലെത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് നടത്തിയ വ്യാപക പരിശോധനക്കിടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ശരീരത്തിൽ കയർ ചുറ്റിയ നിലയിലാണ്. ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
പിതാവ്: ശശികുമാർ കെ.സി (ഐ.എൻ.ടി.യു.സി മോട്ടോർ ഫെഡറേഷൻ ജില്ല സെക്രട്ടറി). മാതാവ്: ജയശ്രീ. ഭാര്യ: സുജിത. മക്കൾ: വാമിഗ, വൈഗ. സഹോദരങ്ങൾ: ജിനീഷ്, പരേതനായ ജിജിത്ത്. സംസ്കാരം ചൊവ്വാഴ്ച.