നരിക്കുനി: പാലങ്ങാട് പന്നിക്കോട്ടൂർ ഗവ. ആയുർവേദ ഡിസ്പൻസറിക്കടുത്തുള്ള പുളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിൽനിന്നു കണ്ടെടുത്ത യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് നീറ്റോറച്ചാലിൽ അബ്ദുറഹിമാന്റെ മകൻ അൽ അമീ(21)നാണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്നിക്കോട്ടൂരിലെ സുഹൃത്തിന്റെ വീട്ടിൽവെച്ചാണ് അൽഅമീനെ അവസാനമായി കണ്ടത്. വീടിന്റെ പരിസരത്തുനിന്നും ദുർഗന്ധം പരന്നതോടെയാണ് നാട്ടുകാർ പരിശോധന ആരംഭിച്ചത്. മുഹമ്മദിന്റെ കിണറിന്റെ വല നീങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെ കിണർ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. നരിക്കുനി അഗ്നിരക്ഷാ സേനയും കൊടുവള്ളി പൊലീസും രാവിലെ എട്ടു മണിയോടെയാണ് കിണറ്റിൽനിന്ന് മൃതദേഹം പുറത്തെടുത്ത്. 50 അടി താഴ്ചയുള്ള കിണറിന് ആൾമറയുണ്ടായിരുന്നില്ല. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. കൊടുവള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അൽ അമീന്റെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയക്കും. വൈകീട്ട് മൃതദേഹം ഇയ്യാട് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ് ഫാത്തിമ, സഹോദരങ്ങൾ: ആമീൻ, അൻസില.