നടുവണ്ണൂർ: നടുവണ്ണൂർ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാൻ ബംഗളൂരുവിലെ ദിവ്യശ്രീ ബാരക്കിനടുത്ത് വാഹനാപകടത്തിൽ മരിച്ചു. നടുവണ്ണൂരിലെ പുഴക്കൽ പി. ആനന്ദാണ് (33) മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നിൽ വാഹനമിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.15ന് സദഹള്ളി ഗേറ്റിനടുത്താണ് അപകടം. വീട്ടിലേക്കുള്ള സാധനങ്ങൾ സി.ഐ.എസ്.എഫിന്റെ ദിവ്യശ്രീ കാന്റീനിൽനിന്ന് വാങ്ങി താമസിക്കുന്ന രക്ഷാസദൻ ബാരക്കിലേക്ക് തിരികെ വരുമ്പോഴാണ് അപകടം. ആനന്ദ് അപകടത്തിൽപ്പെട്ട് കിടക്കുന്നതുകണ്ട് നാട്ടുകാരാണ് ട്രാഫിക് പൊലീസിൽ വിവരം നൽകിയത്. ഉടൻ ആനന്ദിനെ ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാത്രി ഏഴരയോടെ മരിച്ചു. സി.ഐ.എസ്.എഫിൽ കോൺസ്റ്റബിളായിരുന്നു. ഇക്കഴിഞ്ഞ ഓണത്തിന് ലീവിൽ വന്ന് തിരികെ പോയതായിരുന്നു. 2012ലാണ് സേവനത്തിൽ പ്രവേശിച്ചത്. പിതാവ്: പരേതനായ പുഴക്കൽ ഗംഗാധരൻ. മാതാവ്: മാലതി. ഭാര്യ: അമൃത. മകൻ: ഗ്യാൻ ദേവ്. സഹോദരൻ: അരവിന്ദ് (ഖത്തർ).