സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി ഗോവിന്ദമൂല ചിറയിൽ മീൻപിടിക്കാനെത്തിയ രണ്ട് യുവാക്കളിലൊരാൾ മുങ്ങിമരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മലവയൽ ചൂരക്കുനി ഷാലുവാണ് (25) മരിച്ചത്. മലവയൽ നീലമാങ്ങ കോളനിയിലെ അനീഷിനെ (26) നാട്ടുകാർ രക്ഷപ്പെടുത്തി സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ചിറയിൽ മീൻപിടിക്കാനെത്തിയ ഇരുവരും ചൂണ്ടയിടുന്നതിനിടെ ചിറയിലേക്ക് തെന്നിവീഴുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുവാക്കൾ ചിറയിൽപെട്ടത് സമീപത്തുണ്ടായിരുന്നവർ കാണുകയും ഇവർ ഉടൻ അനീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും ശാലു ചിറയുടെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയി. തുടർന്ന് സുൽത്താൻബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. അനീഷ് അപകടനില തരണംചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പ് ചിറയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചിരുന്നു. തുടർച്ചയായി ഗോവിന്ദമൂല ചിറയിൽ അപകടം ഉണ്ടാകുന്നത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മരിച്ച ഷാലുവിന്റെ പിതാവ്: വേലായുധൻ. മാതാവ്: സിന്ധു. സഹോദരങ്ങൾ: ശരത്, സുചിത്.