മംഗളൂരു: മംഗളൂരുവിൽ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. മംഗളൂരു ദേർളക്കട്ടയിലെ ജ്യൂസ് മാജിക് ഹോട്ടലിലെ ജീവനക്കാരൻ കോഴിക്കോട് സ്വദേശി അനിൽകുമാറാണ് (41) മരിച്ചത്.മഞ്ഞനാടി കല്ലക്കട്ടയില് മലയാളിയുടെ കാർ ഇടിച്ചാണ് അപകടം. മംഗളൂരു കുത്താറിലെ സന്തോഷ് നഗറില്‍ വാടകക്ക് താമസിക്കുകയായിരുന്ന അനിൽകുമാർ ഭക്ഷണവിതരണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി 11ഓടെ അനില്‍കുമാര്‍ ബൈക്കില്‍ കല്ലക്കട്ടയില്നിന്ന് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോകവെയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ അനിലിനെ ഉടന്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഹോട്ടല്‍ ഉടമ ഷാജിദ്, ഹസന് എന്നിവര്‍ ചേര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് രാവിലെയോടെ മരിച്ചു. അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അബൂബക്കര്‍ സിദ്ദീഖിനെതിരെ മംഗളൂരു സൗത് ട്രാഫിക് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.