കോഴിക്കോട്: മകളെ ഡോക്ടറെ കാണിച്ച് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവതി ബസ് ദേഹത്തു കയറി മരിച്ചു. വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് മാലൂർകുന്ന് പറക്കുളം ഫാത്തിമ സുൽഫത്താണ് (33) മരിച്ചത്. മകൾ ആയിഷ സെയ്ദയെ (അഞ്ച്) ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടൂളിയിൽ ഡോക്ടറെ കണ്ട് മടങ്ങവെ വ്യാഴാഴ്ച വൈകീട്ട് ആറോടെ പൊറ്റമ്മൽ ജങ്ഷനു സമീപമാണ് അപകടം. സ്കൂട്ടറിന്റെ പിറകിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് തട്ടുകയായിരുന്നു. സുൽഫത്ത് ബസിനടിയിലേക്കു വീണതിനു പിന്നാലെ ടയർ ദേഹത്ത് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാത്തോട്ടത്ത് അക്യുപങ്ചർ ചികിത്സ നടത്തുകയായിരുന്ന സുൽഫത്ത് സി.പി.എം പറക്കുളം ബ്രാഞ്ച് അംഗമാണ്. കെ.വി. ആലിക്കോയയുടെയും പരേതയായ അഫ്സത്തിന്റെയും മകളാണ്. ഭർത്താവ്: പറക്കുളത്തിൽ സാലിഹ് (എ.കെ സ്റ്റോഴ്സ്, സി.പി.എം പറക്കുളം ബ്രാഞ്ച് അംഗം). മകൻ: ഷെസിൻ മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, നുഫൈസ, മാഷിദ.