താമരശ്ശേരി: ദേശീയപാതയിൽ ഈങ്ങാപ്പുഴ എലോക്കരയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം ചേലേമ്പ്ര കുറ്റിപ്പാലപ്പറമ്പിൽ അബ്ദുറഹിമാൻ-റുഖിയ ദമ്പതികളുടെ മകൻ ഷഫീഖ് (46) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. വയനാട് ഭാഗത്തുനിന്നും വരുകയായിരുന്ന ഷഫീഖ് ഓടിച്ച നാനോ കാറിൽ എതിരെ വന്ന മിൽമയുടെ കണ്ടെയിനർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാർ ഓടിക്കൂടി കാർ വെട്ടിപ്പൊളിച്ചാണ് ഷഫീഖിനെ പുറത്തെടുത്തത്. പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റജീന. മക്കൾ: ദിൽക്കർ ഷാജ്, അമൽ ഷാജ്. സഹോദരങ്ങൾ. സാദിഖ്, അസ്മാബി.