എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എകരൂൽ തെങ്ങിനു കുന്നുമ്മൽ അർച്ചനയാണ് (15) മരിച്ചത്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. എകരൂൽ നെല്ലുളിക്കോത്ത് പ്രസാദിന്റെയും സചിത്രയുടെയും മകളാണ്. അർച്ചനയും ഇളയ രണ്ടു സഹോദരങ്ങളും അമ്മയുടെ വീട്ടിലാണ് താമസം. രാവിലെ ഒമ്പതു മണിയോടെ കുടുംബം താമസിക്കുന്ന ഷെഡ് ആളിക്കത്തുന്നതാണ് അയൽവാസികൾ കാണുന്നത്. വെള്ളമൊഴിച്ച് തീകെടുത്തി അകത്ത് പ്രവേശിക്കുമ്പോഴേക്കും പൊള്ളലേറ്റു മരിച്ച നിലയിൽ അർച്ചനയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് റൂറൽ എസ്.പി ആർ. കറപ്പ സാമിയുടെ മേൽനോട്ടത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസ്, ബാലുശ്ശേരി എസ്.എച്ച്.ഒ എം.കെ. സുരേഷ് കുമാർ, എസ്.ഐ എൻ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. സഹോദരങ്ങൾ: സ്നേഹദാസ് (കമ്പ്യൂട്ടർ വിദ്യാർഥി), ഹൃദ്വിക് (നാലാം ക്ലാസ് വിദ്യാർഥി, ഉണ്ണികുളം ജി.യു.പി സ്കൂൾ), ഹൃദുൽ ദേവ് (എൽ.കെ.ജി വിദ്യാർഥി, ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ എകരൂൽ).