മേപ്പാടി (വയനാട്): കോട്ടപ്പടി കുന്നമംഗലം വയലിൽ പുതുവത്സരാഘോഷത്തിന് പിറകെ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. സുഹൃത്തായ യുവാവിന് പരിക്കേറ്റു. എരുമക്കൊല്ലി കുന്നമംഗലം വയൽ കാവുണ്ടത്ത് മുഹമ്മദാലിയുടെയും സഫിയയുടെയും മകൻ മുർഷിദാണ് (23) മരിച്ചത്. മുർഷിദിന്റെ സുഹൃത്ത് കുന്നമ്പറ്റ സ്വദേശി നിഷാദിനാണ് (25) പരിക്കേറ്റത്. പ്രതിയായ എരുമക്കൊല്ലി കര്‍പ്പൂരക്കാട് എരുമത്തടത്തില് പടിക്കല്‍ വീട്ടില്‍ വാവി എന്ന രൂപേഷിനെ (39) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കുശേഷം എരുമക്കൊല്ലി പൂളക്കുന്ന് കോളനി റോഡിലാണ് സംഭവം. പ്രദേശത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ തമ്മിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കർപ്പൂരക്കാടുള്ള കടക്ക് മുന്നിൽ ബൈക്ക് നിർത്തി സംസാരിച്ചിരിക്കുകയായിരുന്നു യുവാക്കൾ. ഇവിടെയെത്തിയ പ്രതി രൂപേഷും സംഘവും യുവാക്കളോട് ബൈക്ക് മാറ്റാനാവശ്യപ്പെട്ടതോടെ വാക്കുതർക്കമായി. ഇതിനിടെ യുവാക്കളിൽ ഒരാളുടെ ബൈക്കിന്റെ താക്കോൽ രൂപേഷ് ഊരിയെടുത്ത് വലിച്ചെറിഞ്ഞു.
യുവാവ് വിളിച്ചറിയിച്ചതിനെ തുടർന്നാണ് മുർഷിദും നിഷാദും സ്ഥലത്തെത്തിയത്. ഇതിനിടെ സ്ഥലത്തുനിന്ന് പോയ പ്രതി രൂപേഷ് കത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പാടി പൊലീസ് മുർഷിദിനെയും നിഷാദിനെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. നിഷാദിന്റെ പരിക്ക് ഗുരുതരമല്ല. രൂപേഷിനെ ഞായറാഴ്ച രാവിലെ കുന്നമംഗലം വയലിലുള്ള വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുർഷിദ് മേപ്പാടി ടൗണിൽ ബാർബർ ഷോപ് നടത്തിവരുകയായിരുന്നു. സഹോദരങ്ങൾ: റാഷിദ്, അൻഷിജ.