കണ്ണപുരം (കണ്ണൂർ): മൊട്ടമ്മലിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഇരിണാവ് കച്ചേരിത്തറ സ്വദേശി കപ്പള്ളി ബാലകൃഷ്ണന് (74), മകളുടെ ഭർത്താവ് മോറാഴ കുളിച്ചാൽ സ്വദേശി ടി. ജയരാജന് (51) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ധർമശാലയിൽനിന്ന് കണ്ണപുരം ഭാഗത്തേക്ക് വരുന്ന മിനിലോറിയും എതിർദിശയിൽ പോകുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തലക്ക് പരിക്കേറ്റ ജയരാജനെ ഉടൻ ചെറുകുന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രേമയാണ് ബാലകൃഷ്ണന്റെ ഭാര്യ. മക്കൾ: പ്രീത, പ്രവീൺ. പ്രീതയാണ് ജയരാജന്റെ ഭാര്യ. മക്കൾ: വിഷ്ണുരാജ്, അതുൽ രാജ്. സഹോദരങ്ങൾ: സുധാകരൻ, രാജീവൻ.