താമരശ്ശേരി: കാറിടിച്ച് റോഡിൽ കിടന്ന കാൽനടയാത്രികൻ രക്തംവാർന്ന് മരിച്ചു. ദേശീയപാതയിൽ വെസ്റ്റ് പുതുപ്പാടിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വെസ്റ്റ് പുതുപ്പാടിയിൽ താമസിക്കുന്ന ഈങ്ങാപ്പുഴയിലെ ചായക്കടയിലെ ജീവനക്കാരനായ നടുക്കുന്നുമ്മല്‍ രാജുവാണ് (49) മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. രാജുവിനെ രാവിലെ ആറരയോടെയാണ് റോഡരികിലെ പൊന്തക്കാട്ടിൽ രക്തംവാർന്നനിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജു പുലർച്ചെ കട തുറക്കാൻ ബസിൽ കയറാനെത്തിയപ്പോഴാണ് കാറിടിച്ചത്. പിന്നീട് ഈ ഭാഗത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കാറിടിച്ചതാണെന്ന് വ്യക്തമാകുന്നത്. കാറിന്റെ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. താമരശ്ശേരി പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ രാജു വർഷങ്ങളായി വെസ്റ്റ് പുതുപ്പാടിയിലാണ് താമസം. ഭാര്യ: ബിന്ദു. മക്കൾ: ഫുൽജിൻ, ആദിത്യ.