കൊയിലാണ്ടി: ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ സുരേഷ്ബാബുവിന്റെ ഭാര്യ പ്രവിത (38), മകള്‍ ഒരു വയസ്സുകാരി അനിഷ്ക എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കൊല്ലം റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. ലോക്മാന്യതിലക്- കൊച്ചുവേളി ട്രെയിനിനു മുന്നിലേക്കു പ്രവിത ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിരക്ഷ സേന എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തെ തുടർന്ന് മണിക്കൂറോളം ട്രെയിൻ നിര്‍ത്തിയിട്ടു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
നടേരി മരുതൂര്‍ എരഞ്ഞോളികണ്ടി താഴകുനി നാരായണന്റെയും സതിയുടെയും മകളാണ് പ്രവിത. സഹോദരങ്ങൾ: പ്രബീഷ്, അനാമിക. അമ്മയും കുഞ്ഞും മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സി.ഐ എന്‍. സുനില്‍ കുമാര്‍ പറഞ്ഞു.