പന്തീരാങ്കാവ്: സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി തൈക്കണ്ടി കുഞ്ഞുമുഹമ്മദ്- ആസ്യ ദമ്പതികളുടെ മകൻ അഷ്റഫാണ് (39) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ കൊടൽ നടക്കാവിലാണ് അപകടം. സുഹൃത്തിനൊപ്പം യാത്രചെയ്യവേ ബൈക്ക് ടിപ്പർ ലോറിയുമായി ഇടിച്ചുമറിഞ്ഞ് അഷ്റഫ് പിന്നിലെ ടാങ്കർ ലോറിക്കടിയിൽപെടുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ സഹയാത്രികൻ ഫൈജാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാമനാട്ടുകരയിൽ ബാർബർ തൊഴിലാളിയാണ് അഷ്റഫ്. ഭാര്യ: സമീന. മക്കൾ: അംജദ് റോഷൻ (പത്താം ക്ലാസ് വിദ്യാർഥി, വൈദ്യരങ്ങാടി ഹൈസ്കൂൾ), ഫാത്തിമ ഹന്ന (ഏഴാം ക്ലാസ് വിദ്യാർഥിനി, പേങ്ങാട് ബി.ടി.എം.എ.എം.യു.പി സ്കൂൾ). സഹോദരൻ: മുഹമ്മദ് അലി. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ രാമനാട്ടുകര ചെമ്മലിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.