വടകര: നടനും സംവിധായകനും ഗാനരചയിതാവും റിട്ട. അധ്യാപകനുമായ മേപ്പയിൽ ശ്രീസുമം വീട്ടിൽ ശ്രീധരൻ മേപ്പയിൽ (73) നിര്യാതനായി. വടകര പാപ് കോസ് പ്രസിഡന്റ്, കളിക്കളം ട്രഷറർ, നന്മ സെക്രട്ടറി, ശ്രീനാരായണ കലാകേന്ദ്രം സെക്രട്ടറി, മേപ്പയിൽ എസ്.ബി സ്കൂൾ സെക്രട്ടറി, ഓയിസ്ക സിറ്റിസൺ കൗൺസിൽ എന്നിവയുടെ ഭാരവാഹിയായിരുന്നു. കോൺഗ്രസ് എസ് ജില്ല കമ്മിറ്റി അംഗം, കെ.പി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, അവിഭക്ത കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കടത്തനാടൻ നാടകക്കളരിയിൽ പതിറ്റാണ്ടുകൾ സജീവമായിരുന്നു. ജില്ലയിലെ അറിയപ്പെട്ട കലാസമിതിയായ ‘വടകര ഭാസുര’കലാകേന്ദ്രത്തിന്റെ സാരഥിയായി ഇരുപത്തിരണ്ടു വർഷക്കാലം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തും നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 60ഒാളം അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. 34 നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആകാശവാണി ആർട്ടിസ്റ്റ്, സീരിയൽ-സിനിമ നടൻ, കേരളോത്സവത്തിലും സ്കൂൾ യുവജനോത്സവത്തിലും നിരവധി മലയാള നാടകങ്ങളും സംസ്കൃത നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സ്കൂൾ യുവജനോത്സവത്തിലും സംസ്ഥാന കേരളോത്സവത്തിലും സംസ്ഥാന പാരലൽ കോളജ് കലോത്സവത്തിലും രചിച്ച് സംവിധാനംചെയ്ത് അവതരിപ്പിച്ച നാടകങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആകാശവാണിയിൽ ചിത്രീകരണങ്ങളും നാടകങ്ങളും അവതരിച്ചു.
ഭാര്യ: സുമതി (റിട്ട. ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് കോഴിക്കോട്). മക്കൾ: നീത (നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂൾ), നിഷാന്ത് ശ്രീധരൻ (ഇന്ത്യൻ കോ-ഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി). മരുമക്കൾ: നൗഷാദ് ചേളന്നൂർ (സദ്ഭാവന വേൾഡ് സ്കൂൾ കോഴിക്കോട്), അനുശ്രീ (ഐ.ഡി.ബി.ഐ ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: ഒ.ആർ. പണിക്കർ, ശാരദ (റിട്ട. അധ്യാപിക അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ), പരേതരായ ഒ.കെ. പണിക്കർ, കുമാരൻ പണിക്കർ, ബാലൻ.