ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) ആണ് ബസ് സ്റ്റാൻഡിലെ കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ സ്റ്റാന്റിലെത്തിയവരാണ് മൃതദേഹം കണ്ടത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം കെ.കെ ഹോസ്പിറ്റലിലെത്തിച്ചു. കാലിന്റെ വിരലിൽ ചെറിയ ഒരു മുറിവല്ലാതെ മറ്റു പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. ഷർട്ട് കീറിയ നിലയിലുമാണ്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ബൈക്കിൽ മൻസൂറും മറ്റു രണ്ടു പേരും ബസ് സ്റ്റാൻഡിലേക്ക് വന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിൽ കൂടെ ഉണ്ടായതെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു. ബാലുശ്ശേരി എസ്.ഐ കെ. റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചു. ഉമ്മ: സുബൈദ. ഭാര്യ: ഹാജിറ. മക്കൾ: റീനു, മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ.