പുതിയങ്ങാടി: കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൂഴിൽ ബീവീട്ടിൽ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അസൈൻ(15) ആണ് മരിച്ചത്. മിന്നലേറ്റതാണെന്നാണ് സംശയം. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നിറങ്ങിയതായിരുന്നു. ഇതിനുശേഷം പ്രദേശത്ത് മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. നാലരയോടെയാണ് ഒന്നരയടിയോളമുള്ള താൽക്കാലിക വെള്ളക്കെട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടത്. സൈക്കിളും സമീപത്തുണ്ടായിരുന്നു. കൈമുട്ടിന് ചെറിയ മുറിവുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാർ പറഞ്ഞു. കോയ റോഡിൽ താമസക്കാരനായ അബ്ദുല്ലയും കുടുംബവും രണ്ടുമാസമായി ഇവിടെ വാടകക്കാണ് താമസം. മാതാവ്: നഫീസ.