ഫറോക്ക്: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. കുണ്ടായിതോട് കപ്പിതോട്ടത്തിൽ മുസദിക്കിന്റേയും കാക്രാണം വീട്ടിൽ സാഹിറയുടെയും മകൻ നൈഷാൻ നദാനിയൽ (നനു, 18) ആണ് മരിച്ചത്. സുഹൃത്ത് കുണ്ടായിതോട് തെക്കെകുറ്റി കോളനി ആലപ്പാട്ട് രാഹുലിനെ (18) ഗുരുതര പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചെറുവണ്ണൂരിനും കുണ്ടായിതോടിനുമിടയിൽ വാട്ടർ അതോറിറ്റി ഓഫിസിന് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. കോഴിക്കോടുനിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയും ചെറുവണ്ണൂർ ഭാഗത്തുനിന്നും കുണ്ടായിതോടിലേക്ക് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ മീഞ്ചന്ത ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നൈഷാൻ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം കണ്ണം പറമ്പ് പള്ളിയിൽ ഖബറടക്കി. സഹോദരങ്ങൾ: നിദിൻഷാ, നഹൻഷാ, നളിർഷാ.