മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ തൃക്കടമണ്ണ കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. മുക്കം മാമ്പറ്റയിൽ താമസിക്കുന്ന കക്കാടംപൊയിൽ വാളൻതോട് മണിക്കുഴിഞ്ഞിയിൽ സെബാസ്റ്റ്യന്റെ മകൻ നിധിൻ സെബാസ്റ്റ്യൻ (16) ആണ് മരിച്ചത്. ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. വ്യാഴം വൈകീട്ട് അഞ്ചോടെയാണ് സംഭവം. മരിച്ച നിധിൻ അടക്കം മൂന്ന് വിദ്യാർഥികളാണ് കടവിൽ കുളിക്കാനിറങ്ങിയത്. മറ്റ് രണ്ടുപേരും രക്ഷപ്പെട്ടു. മുക്കം അഗ്നിരക്ഷസേന നടത്തിയ തിരച്ചിലിൽ അര മണിക്കൂറിനകം വിദ്യാർഥിയെ പുറത്തെടുത്തു. ഒഴുക്കിൽപെട്ട സ്ഥലത്ത് നിന്നും 40 മീറ്റർ അകലെയായി 15 അടി താഴ്ചയിൽ നിന്നും സേനയിലെ സ്കൂബ ടീം അംഗം പി. അഭിലാഷ് യുവാവിനെ മുങ്ങിയെടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: നിർമല. സഹോദരി: നീതു.