നന്മണ്ട: പ്രശസ്ത എഴുത്തുകാരനും സിനിമ- സീരിയൽ നാടക നടനുമായ നന്മണ്ട അരീപ്പുറം മുക്ക് ഗോവർധനിൽ ചൊനാങ്കണ്ടം ഗോപാലകൃഷ്ണ മേനോൻ (92) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകീട്ട് മൂന്നോടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. പരപ്പനങ്ങാടി ചൊനാങ്കണ്ടത്തിൽ കുഞ്ഞിലക്ഷ്മി അമ്മയുടെയും മടവൻകണ്ടി പിണങ്ങോട് കുഞ്ഞിക്കണ്ണൻ നായരുടെയും മകനായി 1931 ജൂലൈ 15 നാണ് ജനനം. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂൾ, ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. എച്ച്.ആർ.എൻ.സി യിലും തുടർന്ന് സെയിൽസ് ടാക്സിലും ജോലി. കലാ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. മാന്യമഹാജനങ്ങൾ, വാർത്ത , പഞ്ചവടിപ്പാലം, വരവേൽപ്. തുടങ്ങി 11 ഓളം സിനിമകളിലും 20 ഓളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പുരാണ നാടകത്തിൽ നരസിംഹ വേഷത്തിൽ ശ്രദ്ധേയനായി. പുത്തൻ തുടികൾ, മടവൻ ക്ഷേത്ര ചരിത്രം എന്നീ ഗ്രന്ഥങ്ങളും നിരവധി ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ പരേതയായ അംബുജാക്ഷി അമ്മ. മക്കൾ: പി. രാധാകൃഷ്ണൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), ശ്യാമള (റിട്ട. ഹെഡ്മിസ്ട്രസ് വെട്ടിയൊഴിഞ്ഞ തോട്ടം, എ.യു.പി സ്കൂൾ, കട്ടിപ്പാറ, പി. വിനയൻ (മാധവാനന്ദ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകൻ). മരുമക്കൾ: അനിത ( എച്ച്.എം ചേളന്നൂർ എ.യു.പി സ്കൂൾ) സി.വി. ചന്ദ്രകുമാർ (ബിസിനസ്), നിഷ (അധ്യാപിക എ.എം.എൽ.പി സ്കൂൾ ബാലുശ്ശേരി). സംസ്ക്കാരം വ്യാഴം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.