താമരശ്ശേരി: വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പൻപൊയിൽ മേപ്പുതിയോട്ടിൽ മൈഥിലിയാണ് (68) മരിച്ചത്. സോഫയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാലു ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അഞ്ചു ദിവസമായി മറ്റാരുമുണ്ടായിരുന്നില്ല. മകൻ വയനാട്ടിൽ ജോലിക്കു പോയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസിന്റെ നിഗമനം. അയൽവീട്ടിലെ സ്ത്രീ രാവിലെ ചായ നൽകാൻ വന്നപ്പോൾ പ്രതികരണമില്ലാത്തതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി എസ്.ഐമാരായ വി.കെ. റസാഖ്, വി.എസ്. ശ്രീജിത്ത്, സീനിയർ സി.പി.ഒ സുനിത എന്നിവരടങ്ങിയ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: ഷാജി, മിനി. മരുമകൻ: രാവുണ്ണിക്കുട്ടി (ഉണ്ണി). സഹോദരങ്ങൾ: രാധ, തങ്കമണി, ബാബുരാജൻ, പ്രേമൻ (സി.പി.ഐ ചമൽ ബ്രാഞ്ച് കമ്മിറ്റി അംഗം), ഗീത.