കൊയിലാണ്ടി: പ്രശസ്ത നാടകപ്രവർത്തകൻ ചേലിയകുനിയിൽ ഒ. ഉദയചന്ദ്രൻ (70) നിര്യാതനായി. പ്രഫഷനൽ, അമച്വർ മേഖലകളിലായി ശ്രദ്ധേയമായ നിരവധി നാടകങ്ങൾ രചിച്ചു. ആകാശവാണിയിലും നാടകങ്ങൾ പ്രക്ഷേപണം ചെയ്തു. കോഴിക്കോട് സൗഹാർദയുടെ പ്രധാന നാടകങ്ങളായ വലംപിരി ശംഖ്, മൺവീണ, മറുതീരം, കളരിമുറ്റം, ചന്ദനക്കിണ്ണം എന്നീ നാടകങ്ങൾ രചിച്ചു. ശുഭപന്തുവരാളി, ശ്രുതിലയം, സംഗ്രാഹം, ഇനി രാഗം, ശിവരഞ്ജിനി, ജാതകം എന്നിവ പ്രധാന നാടകങ്ങളാണ്. 1970 മുതൽ രണ്ടര പതിറ്റാണ്ടോളം നാടകരംഗത്ത് നിറഞ്ഞുനിന്നു. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം വളരെക്കാലമായി ചേലിയയിലാണ് താമസം. ഭാര്യ: കാന്ത്യംപറമ്പത്ത് താഴെ ഗീത. മകൻ: ജിതിൻ ചന്ദ്രൻ.