മാവൂർ: പറയഞ്ചേരിയിൽ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ പെരുവയൽ സ്വദേശിയായ വിദ്യാർഥി മരിച്ചു. പെരുവയൽ കൂടത്തിങ്ങൽ മെറ്റൽ ഇൻഡസ്ട്രീസ് ഉടമ കൂടത്തിങ്ങൽ അനീഷിന്റെ മകൻ അഷിനാണ് (20) മരിച്ചത്.
വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ റോഡരികിൽ കൂട്ടിയിട്ട പൈപ്പുകളിൽ ഇടിക്കുകയായിരുന്നു. അഷിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. തകർന്ന കാറിനുള്ളിൽ കുടുങ്ങിയ മൂന്നുപേരെയും അഗ്നിരക്ഷാ സേനയെത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിനെ രക്ഷിക്കാനായില്ല. മംഗളൂരുവിൽ പഠിക്കുന്ന ബന്ധുവിനെ യാത്രയാക്കാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് അപകടം. കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അഷിൻ. മാതാവ്: സുചിത്ര. സഹോദരങ്ങൾ: അലൻ, അയാൻ.