കൊടുവള്ളി: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോതൂർ മതുക്കുട്ടികയിൽ താമസിക്കുന്ന ചെറുപൂളങ്ങൽ അഷ്റഫ് തങ്ങളുടെ മകൻ മുഹമ്മദ് ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്. എറണാകുളത്ത് ജോലി അന്വേഷിച്ച് മടങ്ങിവരവെ ജൂൺ 12ന് പുലർച്ചെ നാല് മണിയോടെ തൃശ്ശൂർ മതിലകം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ഇരുമ്പ് തൂണിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. മാതാവ്: ഷരീഫ ബീവി. സഹോദരങ്ങൾ: സഫ് വാന ബീവി, മിദ് ലാജ് തങ്ങൾ, ഷാബിന ബീവി, മിഷാൽ തങ്ങൾ, അമീറ ബീവി.