വടകര: അയൽവാസിയെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി ചീറോക്കര മീത്തൽ കെ.ടി.കെ. സുരേഷ് ബാബുവിനെ (46)യാണ് കണ്ണൂർ എടക്കാട് ബന്ധു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റ് 10 നാണ് അയൽവാസിയായ ചീറോക്കര സുരേഷ് ബാബുവിനെ (62) കമ്പി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു ദിവസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ വടകര പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കെ.ടി.കെ. സുരേഷ് ബാബുവിനെ എടക്കാട് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഇയാളെ പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നുവെന്നും വടകര സി.ഐ പറഞ്ഞു. പരേതനായ ബാലെന്റയും സരോജിനിയുടെയും മകനാണ്. ഭാര്യ: ശ്രീന. മക്കൾ: അനിഷ്ക, ആദിത്യൻ. സഹോദരങ്ങൾ: അജിത്, റീത്ത.