പാലാഴി (കോഴിക്കോട്): തെരുവുനായ് കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കെ.ടി താഴം പൊട്ടണമേൽ പരേതരായ ശ്രീധരൻ-സാവിത്രി ദമ്പതികളുടെ മകൻ കനകരാജാണ് (52) മരിച്ചത്. ബുധനാഴ്ച തൊണ്ടയാടിന് സമീപമാണ് അപകടം. മറ്റൊരാളുടെ ഓട്ടോയാണ് കനകരാജ് ഓടിക്കുന്നത്. രാവിലെ ഒമ്പതോടെ ഓട്ടോയെടുത്ത് മെഡിക്കൽ കോളജ് റോഡിൽനിന്ന് പാലാഴി ഭാഗത്തേക്ക് വരുമ്പോഴാണ് നായ് കുറുകെ ചാടിയത്. നിയന്ത്രണംവിട്ട് മറിഞ്ഞ വാഹനത്തിന്റെ അടിയിൽപെട്ട കനകരാജിന്റെ തലക്കും ശരീരത്തിലും പരിക്കേൽക്കുകയായിരുന്നു. സമീപവാസികൾ ഓട്ടോ ഉയർത്തി ഇദ്ദേഹത്തെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: റാണി. മക്കൾ: അനുശ്രീരാജ്, അതുല്യരാജ്. സഹോദരങ്ങൾ: ചിത്ര, രാജി, പ്രേമരാജൻ, പരേതനായ ധനരാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മാങ്കാവ് ശ്മശാനത്തിൽ.