കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് മലയാളവിഭാഗം അസി. പ്രഫസർ ഡോ. ജി. ശ്രീജിത് (44) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. പതിനൊന്ന് വർഷമായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനാണ്. മൂവാറ്റുപുഴ വിദ്യ വനിത കോളജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലും മലയാളവിഭാഗം അധ്യാപകനായിരുന്നു. ഗവേഷണ മാർഗദർശകനായിരുന്ന അദ്ദേഹത്തിനൊപ്പം അഞ്ച് പേർ ഗവേഷണം പൂർത്തിയാക്കി. പാല സെന്റ് തോമസ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദവും മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് ഗവേഷണ പഠനവും പൂർത്തിയാക്കി. നെഞ്ചുനീറി വഴിയുന്ന നേര്, ഇടശ്ശേരിയുടെ ലോകങ്ങൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഫോക് ലോർ വായനകൾ, ഫോക് ലോറും മലയാള കഥയും, മലയാള നോവൽ നഗരഭാവനയുടെ നൂറ്റാണ്ട് എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു. പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പ്രഥമ സെക്രട്ടറി, സി.ജെ. സ്മാരകസമിതി അംഗം എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പരേതനായ റിട്ട. അധ്യാപകൻ, കൂത്താട്ടുകുളം കോഴിപ്പിള്ളി വിദ്യാമന്ദിരത്തിൽ ഗോപാലകൃഷ്ണ കൈമളിന്റെയും ശാന്തമ്മയുടേയും മകനാണ്.
ഭാര്യ: ഹരിത. മക്കൾ: ഗോപീകൃഷ്ണൻ, ഋതിക. മലബാർ ക്രിസ്ത്യൻ കോളജിലെ പൊതുദർശനത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് ചോറ്റാനിക്കര എരുവേലിയിലെ വീട്ടുവളപ്പിൽ.